ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്ത് സ്ഥിതിചെയ്യുന്ന ചരിത്രപ്രാധാന്യമുള്ള ഒരു കൊട്ടാരമാണ് കൃഷ്ണപുരം കൊട്ടാരം. പതിനെട്ടാം നൂറ്റാണ്ടിൽ തിരുവിതാംകൂറിന്റെ ഭരണാധികാരിയായിരുന്ന മാര്‍ത്താണ്ഡവര്‍മ്മയാണ് ഇന്നു കാണുന്ന രീതിയിൽ കൃഷ്ണപുരം കൊട്ടാരം നിർമ്മിച്ചത്. അതിനു മുമ്പ് കായംകുളം (ഓടനാട്) ഭരിച്ചിരുന്ന രാജാക്കന്മാരുടെ ആസ്ഥാനവും ഇവിടെയായിരുന്നു
| കൃഷ്ണപുരം കൊട്ടാരം |
| പ്രസിദ്ധമായ ഗജേന്ദ്രമോക്ഷം ചുവര്‍ചിത്രം |
പുരാതനകാലത്ത് ഓടനാട് എന്നായിരുന്നു ഇന്നത്തെ കായംകുളം ഉൾപ്പെടുന്ന നാട്ടുരാജ്യം അറിയപ്പെട്ടിരുന്നത്. ഓടനാട്ടുരാജാക്കന്മാരുടെ ആസ്ഥാനമായിരുന്ന ഈ കൊട്ടാരത്തിന്റെ പഴക്കത്തെക്കുറിച്ച് കൃത്യമായ അറിവില്ല. കായംകുളവും സമീപ പ്രദേശങ്ങളായ ചെങ്ങന്നൂർ, മാവേലിക്കര, കരുനാഗപ്പള്ളി, കാർത്തികപ്പള്ളി തുടങ്ങിയ പ്രദേശങ്ങളും ചേർന്ന വിശാലമായ ഒരു നാട്ടുരാജ്യമായിരുന്നു ഓടനാട്. പതിനഞ്ചാം നൂറ്റാണ്ടോടെ ഓടനാടിന്റെ തലസ്ഥാനം കായംകുളത്തിനടുത്തുള്ള എരുവ എന്ന സ്ഥലത്തേക്ക് മാറ്റി.
| കായംകുളം വാള്‍- രണ്ടുവശവും മൂര്‍ച്ചയുള്ള പ്രത്യേക നിര്‍മ്മിതി |
പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, തിരുവിതാംകൂർ മഹാരാജാവായിരുന്ന മാർത്താണ്ഡവർമ്മ മന്ത്രിയായിരുന്ന രാമയ്യന്‍ദളവയുടെ സഹായത്തോടെ (അല്പം ക്രൂരമായ ചെയ്തികളാല്‍) കായംകുളം രാജ്യം പിടിച്ചെടുക്കുകയും അതിനെ തിരുവിതാംകൂറിനോടു ചേർക്കുകയും ചെയ്തു. കായംകുളത്തെ കോട്ടകൊത്തളങ്ങൾ ഇടിച്ചുനിരത്തി, 1729-നും 1758-നും ഇടയിലുള്ള കാലഘട്ടത്തിൽ മാർത്താണ്ഡവർമ്മ ഇന്നുകാണുന്ന കൊട്ടാരത്തിന്റെ ആദ്യരൂപം പണികഴിപ്പിച്ചു. രാമയ്യൻ ദളവയ്ക്കായിരുന്നു നിർമ്മാണത്തിന്റെ മേൽനോട്ടച്ചുമതല. പിന്നീട് അയ്യപ്പൻ മാർത്താണ്ഡപ്പിള്ള ഈ കൊട്ടാരം പുതുക്കിപ്പണിതെങ്കിലും തനിമയിൽ മാറ്റമൊന്നും വരുത്തിയില്ല. തിരുവിതാംകൂർ രാജാക്കന്മാരുടെ ഒരു ഇടത്താവളമായി കൃഷ്ണപുരം കൊട്ടാരം ഉപയോഗിച്ചുപോന്നു തനി കേരളീയ വാസ്തുശിൽപ്പരീതിയിൽ പണികഴിപ്പിച്ചിരിക്കുന്ന ഈ കൊട്ടാരം പതിനാറുകെട്ടായാണ് നിർമ്മിച്ചിരിക്കുന്നത്. കൃഷ്ണപുരം ക്ഷേത്രം കൊട്ടാരത്തിനടുത്തായി സ്ഥിതി ചെയ്യുന്നു. കൃഷ്ണപുരം ക്ഷേത്രത്തിലുണ്ടായിരുന്ന ശ്രീചക്രം രാമയ്യന്‍ ദളവ അപഹരിച്ച് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയതായി പറയപ്പെടുന്നു.
കായംകുളത്തെ ഒരു പ്രധാന വിനോദസഞ്ചാര ആകർഷണമാണ് കൃഷ്ണപുരം കൊട്ടാരം. ദേശീയപാത 47-ൽ കായംകുളംത്തുനിന്നും ഓച്ചിറയിലേക്ക് പോകുന്ന വഴി കായംകുളം പട്ടണത്തിൽ നിന്നും 3.50 കി മീറ്റർ അകലെയാണ് കൃഷ്ണപുരം കൊട്ടാരം. പുരാവസ്തുവകുപ്പ് ആണ് ഈ കൊട്ടാരം കാത്തുസൂക്ഷിക്കുന്നത്. കൊട്ടാരവും തിരുവിതാംകൂർ മഹാരാജാവായിരുന്ന മാർത്താണ്ഡവർമ്മയുടെ സ്വത്തുക്കളും പൊതുജനങ്ങൾക്കായി പ്രദർശനത്തിനു തുറന്നുകൊടുത്തിരിക്കുന്നു. കൊട്ടാരത്തിനുള്ളിലെ വലിയ കുളം പ്രശസ്തമാണ്. ഈ കുളത്തിന്റെ അടിയിൽ നിന്നും മഹാരാജാവിന് ശത്രുക്കളിൽ നിന്ന് രക്ഷപെടാനായി ഉള്ള ഒരു ഭൂഗർഭ രക്ഷാമാർഗ്ഗം ഉണ്ടെന്നാണ് പറയപ്പെടുന്നത്.
This entry was posted
on Monday, 11 April 2011
at 2:46 pm
and is filed under
Articles
. You can follow any responses to this entry through the
comments feed
.
